English| മലയാളം

ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം

 

മലയാള മണ്ണിന്റെ തനതും സവിശേഷവുമായ സാംസ്കാരിക പാരമ്പര്യത്തിന്റെ നവോത്ഥാനത്തിന് തുടക്കം കുറിക്കാന്‍ സൌഭാഗ്യം കൈവന്ന പുണ്യഭൂമിയാണ് തിരൂര്‍. മലയാളഭാഷയുടെ പിതാവായ തുഞ്ചത്തെഴുച്ഛന്‍ ഭൂജാതനായത് തിരൂര്‍ തൃക്കണ്ടിയൂരിനടുത്ത് അന്നാരയിലാണ്. അറിവിന്റെ ഉറവിടങ്ങള്‍ വരേണ്യ വര്‍ഗ്ഗം കൈയ്യടക്കി വെച്ചിരിക്കുകയും വര്‍ണ്ണ-വര്‍ഗ്ഗ മേധാവിത്വവും ഉച്ഛനീചത്വങ്ങളും കൊടികുത്തിവാഴുകയും വേദോച്ഛാരണത്തിന്റെ കേള്‍വിക്കു പോലും കീഴ്ജാതിക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്ന കാലഘട്ടത്തിലാണ് തൃക്കണ്ടിയൂരിനടുത്തുള്ള അന്നാരയില്‍ ഒരു കീഴ്ജാതി കുടംബത്തില്‍ തുഞ്ചത്താചാര്യന്‍ ഭൂജാതനായത്. മഹാഭാരതവും, രാമായണവും കിളിയെക്കൊണ്ട് ചൊല്ലിച്ച് ആ കാവ്യധാരകളിലൂടെയാണ് മലയാള കവിതാലോകം അതിന്റെ ഹരിശ്രീ കുറിച്ചത്. 1921-ലെ മലബാര്‍ കലാപം ചില സ്ഥലങ്ങളില്‍ ദിശ മാറി വര്‍ഗ്ഗീയനിറം കലര്‍ന്നപ്പോള്‍ ഗതിമാറ്റമൊന്നും സംഭവിക്കാതെ പിടിച്ചു നില്‍ക്കുകയും എന്നാല്‍ ദേശാഭിമാന പ്രചോദിതമായ ആ സമരത്തില്‍ അടിയുറച്ചു നില്‍ക്കാനും തിരൂരിനു കഴിഞ്ഞു. സമരവുമായി ബന്ധപ്പെട്ട ഒരു പ്രധാന കേന്ദ്രമായിരുന്നു തിരൂര്‍. അതിന്റെ പ്രധാന കാരണം അന്നത്തെ തിരൂരിന്റെ ഗതാഗത സൌകര്യം തന്നെയായിരിക്കാം. കേരളത്തിലെ ആദ്യത്തെ റെയില്‍ പാത ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ചത് 1861 മാര്‍ച്ച് മാസം 19-നാണ്. നാഴിക ദൂരത്തില്‍ തിരൂര്‍ ബേപ്പൂര്‍ റെയിലായിരുന്നു. രണ്ടു മാസത്തിനു ശേഷം മെയ് മാസത്തില്‍ തിരൂര്‍ - കുറ്റിപ്പുറം പാതയും ആരംഭിച്ചു. ഈ യാത്രാ സൌകര്യം പ്രയോജനപ്പെടുത്തി സമരത്തെ അടിച്ചമര്‍ത്താനാണ് ബ്രിട്ടീഷ് പട്ടാളം മുന്നോട്ടു വന്നത്. മലബാര്‍ കലാപകാരികളെ പിടികൂടി തിരൂരില്‍ കൊണ്ടു വന്ന്‌ ഇന്നത്തെ ടി.ബി.യില്‍ താല്‍ക്കാലികമായി സ്ഥാപിച്ച കോടതിയിലായിരുന്നു വിചാരണ പ്രഹസനം നടത്തിയിരുന്നത്. 1921-ലെ മലബാര്‍ കലാപത്തിലെ രക്ത പങ്കിലമായ ഒരദ്ധ്യായമാണ് വാഗണ്‍ ട്രാജഡി. കലാപമെന്ന് വ്യാഖ്യാനിക്കപ്പെട്ട സമരത്തില്‍ അണിനിരന്ന ധീരയോദ്ധാക്കളെ തടവുകാരാക്കി തിരൂരില്‍ കൊണ്ടു വന്ന് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു വാഗണ്‍ മുറിയില്‍ കുത്തിനിറച്ച് വാതില്‍ വലിച്ചടച്ച് പോത്തനൂരിലേക്ക് കയറ്റി വിടുന്നു. വാഗണിനകത്തെ അവസ്ഥ അതിഭീകരമായിരുന്നു. നില്‍ക്കാന്‍ കാലുറപ്പിക്കാനിടമില്ലാതെ, ശ്വാസമെടുക്കാനാവാതെ മനുഷ്യര്‍ തിങ്ങി നിറഞ്ഞ വാഗണ്‍. ഇളകിപ്പോയ ആണിപ്പഴുതിലൂടെ അരിച്ചെത്തുന്ന പ്രാണവായു നുണയാന്‍ കടിപിടി കൂടുന്നവര്‍, വരണ്ടു പൊട്ടുന്ന തൊണ്ട നനക്കാന്‍ ദാഹജലത്തിനും ജീവശ്വാസത്തിനും വേണ്ടി അവരന്യോന്യം കടിച്ചുകീറി. മുറിപ്പാടിലൂടെ ഒലിച്ചിറങ്ങിയ മനുഷ്യ രക്തം നക്കിത്തുടച്ച് മരണം വരിച്ച ഹതഭാഗ്യര്‍ മരിച്ചു വീഴാന്‍ പോലും ഇടമില്ലാത്ത ഞെട്ടിക്കുന്ന ദുരന്തമായിരുന്നു വാഗണ്‍ ട്രാജഡി. പോത്തനൂരില്‍ സ്വീകരിക്കാതെ മടക്കി അയച്ച വാഗണ്‍ തിരൂരില്‍ വെച്ച് തുറന്നപ്പോള്‍ മിഴി തുറന്നു നോക്കാനാവാത്ത ശവക്കൂമ്പാരം. ജീവന്റെ നേരിയ തുടിപ്പുകളവശേഷിച്ചവര്‍ രണ്ടോ മൂന്നാ പേര്‍ മാത്രം.1981-ല്‍ കേരളത്തിലെ ഏറ്റവും നല്ല മുനിസിപ്പല്‍ കൌണ്‍സിലിനുള്ള അവാര്‍ഡ് കരസ്ഥമാക്കാന്‍ തിരൂര്‍ നഗരസഭക്ക് കഴിഞ്ഞിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന തിരൂര്‍ മുനിസിപ്പാലിറ്റി ജന്മമെടുക്കുന്നത് 1971 നവംബര്‍ 1-നാണ്. മുനിസിപ്പാലിറ്റി ആക്കുന്നതിന് മുമ്പ് ഈ പ്രദേശം തിരൂര്‍ പഞ്ചായത്ത് ആയിരുന്നു. സാമൂതിരി രാജാവിന്റെ സാമന്തനായിരുന്ന വെട്ടത്തു രാജാവിന്റെ കീഴിലായിരുന്ന വെട്ടത്തു നാട്ടിലെ 64 ഗ്രാമങ്ങളില്‍ ആലത്തിയൂര്‍ ഗ്രാമത്തില്‍ പെടുന്നതായിരുന്നു ഇന്നത്തെ തിരൂര്‍ പ്രദേശം. ചമ്രവട്ടം മുതല്‍ രായിമംഗലം വരെയും, ക്ലാരി മുതല്‍ പടിഞ്ഞാറ് അറബിക്കടല്‍ വരെയും നീണ്ട്, പരന്ന് കിടന്നിരുന്നതാണ് ആലത്തിയൂര്‍ ഗ്രാമം. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനം, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം, മുസ്ലീം ലീഗ് എന്നീ വ്യത്യസ്തങ്ങളായ സാമൂഹ്യ പരിഷ്കരണ സംഘങ്ങളുടെ കര്‍മ്മ ഭൂമിയായിരുന്നു തിരൂര്‍. പാറയില്‍ മൊയ്തീന്‍ കുട്ടി, മുണ്ടേക്കാട് ഏതീന്‍കുട്ടി ഹാജി, ബാവാ ഹാജി തുടങ്ങിയവര്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിച്ചവരാണ്. 1921-ലെ വാഗണ്‍ ട്രാജഡി വളരെ പ്രധാനപ്പെട്ട സംഭവമാണ്. തിരൂരിലെ ആദ്യ പാഠശാല മതപഠനശാലയായിരുന്നു. മേപ്പറമ്പ് സ്കൂള്‍ എന്ന് വിളിക്കുന്ന ജി.എം.യു.പി.സ്കൂള്‍ തിരൂരിന്റെ സാമൂഹ്യ മാറ്റത്തില്‍ പങ്ക് വഹിച്ചു. മുത്തൂര്‍ ദേശബന്ധു വായനശാല, മുനിസിപ്പല്‍ ലൈബ്രറി, ലോക്കല്‍ ലൈബ്രറി, അനാഥശാല, സാംസ്കാരിക കേന്ദ്രമായ തുഞ്ചന്‍ സ്മാരകം എന്നിവ ഇവിടത്തെ പ്രധാന സാമൂഹ്യ സാംസ്കാരിക കേന്ദ്രങ്ങളാണ്. പ്രശസ്തമായ തൃക്കണ്ടിയൂര്‍ ശിവക്ഷേത്രം, ഭണ്ഡാരക്കാവ് ക്ഷേത്രം, തെക്കുമുറി പാട്ടുപറമ്പ് ഭഗവതി, ചെറുതൃക്കോവില്‍ വിഷ്ണു ക്ഷേത്രം, കുമാരമംഗലം സുബ്രഹ്മണ്യന്‍ ക്ഷേത്രം, പൊറൂര്‍ അയ്യപ്പക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളും തിരൂരിലെ ഏറ്റവും പഴക്കം ചെന്ന മുസ്ലീം ദേവാലയമായ കോട്ട് ജുമാ മസ്ജിദ്, കോരങ്ങത്ത് ജുമാ മസ്ജിദ്, ഏറ്റിരിക്കടവ് മസ്ജിദ്, തിരൂര്‍ ടൌണ്‍പള്ളി, താഴെപ്പാലത്ത് ക്രിസ്ത്യന്‍ ദേവാലയമായ സെന്റ്മേരീസ് ചര്‍ച്ച്, തെക്കും മുറി സി.എസ്.ഐ. ചര്‍ച്ച് എന്നിവ പ്രധാന ആരാധനാലയങ്ങളാണ്. തിരൂര്‍ പുഴയില്‍ നിന്ന് തുടങ്ങി കൂട്ടായി അഴിമുഖം വരെയുള്ള പുതുതായി ആരംഭിച്ച ബോട്ട് സര്‍വ്വീസ് വിനോദ സഞ്ചാരത്തിനുതകുന്നതാണ്. 1906-ല്‍ ആരംഭിച്ച തുഞ്ചന്‍ സ്മാരകം വളരെ പ്രസിദ്ധിയാര്‍ജ്ജിച്ചതാണ്.