മലപ്പുറം ജില്ലയില്‍ തിരൂര്‍ താലൂക്കിലാണ് തിരൂര്‍ നഗരസഭ സ്ഥിതി ചെയ്യുന്നത്. തിരൂര്‍, തൃക്കണ്ടിയൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന തിരൂര്‍ നഗരസഭയ്ക്ക് 16.55 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് താനാളൂര്‍, നിറമരുതൂര്‍ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് ചെറിയമുണ്ടം പഞ്ചായത്തും, തെക്കുഭാഗത്ത് തലക്കാട് പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് വെട്ടം, നിറമരുതൂര്‍ പഞ്ചായത്തുകളുമാണ് തിരൂര്‍ നഗരസഭയുടെ അതിരുകള്‍. ഭൂപ്രകൃതിയനുസരിച്ച് തിരൂരിനെ പൂര്‍ണ്ണമായ കുന്നിന് പ്രദേശങ്ങള്‍ , ഭാഗികമായ കുന്നിന് പ്രദേശങ്ങള്‍ , സമതലങ്ങള്‍ എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു. സമതല പ്രദേശങ്ങളില്‍ മണല്‍ കലര്‍ന്ന പശിമരാശി മണ്ണും ഉയര്‍ന്ന പ്രദേശങ്ങളില്‍ ചരല് കലര്‍ന്ന ചുവന്ന മണ്ണും കാണപ്പെടുന്നു. മലയാള മണ്ണിന്റെ തനതും സവിശേഷവുമായ സാംസ്കാരിക പാരമ്പര്യത്തിന്റെ നവോത്ഥാനത്തിന് തുടക്കം കുറിക്കാന്‍ സൌഭാഗ്യം കൈവന്ന പുണ്യഭൂമിയാണ് തിരൂര്‍. മലയാളഭാഷയുടെ പിതാവായ തുഞ്ചത്തെഴുച്ഛന് ഭൂജാതനായത് തിരൂര്‍ തൃക്കണ്ടിയൂരിനടുത്ത് അന്നാരയിലാണ്. 1921-ലെ മലബാര്‍ കലാപവുമായി ബന്ധപ്പെട്ട ഒരു പ്രധാന കേന്ദ്രമായിരുന്നു തിരൂര്‍. അന്നത്തെ തിരൂരിന്റെ ഗതാഗത സൌകര്യം തന്നെയായിരുന്നു അതിനുള്ള പ്രധാന കാരണം. കേരളത്തിലെ ആദ്യത്തെ റെയില്‍പാത 1861 മാര്‍ച്ച് മാസം ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ചത് തിരൂരിനെ ബേപ്പൂരുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ബേപ്പൂര്‍ റെയിലായിരുന്നു. രണ്ടു മാസത്തിനു ശേഷം മെയ് മാസത്തില്‍ തിരൂര്‍ - കുറ്റിപ്പുറം പാതയും ആരംഭിച്ചു. ഈ യാത്രാ സൌകര്യം പ്രയോജനപ്പെടുത്തി സമരത്തെ അടിച്ചമര്‍ത്താനാണ് ബ്രിട്ടീഷ് പട്ടാളം തിരൂരില്‍ കേന്ദ്രീകരിച്ചത്. 1921-ലെ മലബാര്‍ കലാപത്തിലെ രക്തപങ്കിലമായ ഒരദ്ധ്യായമാണ് തിരൂര്‍ സാക്ഷ്യം വഹിക്കേണ്ടി വന്ന വാഗണ്‍ ട്രാജഡി. തിരൂര്‍ - മലപ്പുറം, തിരൂര്‍ - ചമ്രവട്ടം, തിരൂര്‍ - താനൂര്‍ എന്നിവയാണ് ഈ നഗരപ്രദേശത്തു കൂടി കടന്നുപോകുന്ന പ്രധാനപ്പെട്ട റോഡുകള്‍. മംഗലാപുരം-ഷൊര്‍ണ്ണൂര്‍ റെയില്‍പാതയിലെ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനാണ് തിരൂര്‍. 1963-ലാണ് തിരൂര്‍ പഞ്ചായത്ത് രൂപീകൃതമായത്. 1971 ഒക്ടോബര്‍ 1-ന് തിരൂര്‍ നഗരസഭയായി മാറി. ആദ്യചെയര്‍മാന്‍ എം.മുഹമ്മദ് മൂപ്പന് ആയിരുന്നു.
പൊതുവിവരങ്ങള്‍
ജില്ല : മലപ്പുറം
വിസ്തീര്‍ണ്ണം : 16.55 ച.കി.മി
കോഡ് : M100400
വാര്‍ഡുകളുടെ എണ്ണം : 38
ജനസംഖ്യ : 58490
പുരുഷന്മാര് : 28649
സ്ത്രീകള്‍ : 29841
ജനസാന്ദ്രത : 2981
സ്ത്രീ : പുരുഷ അനുപാതം : 1026
മൊത്തം സാക്ഷരത : 91.23
സാക്ഷരത (പുരുഷന്മാര് ) : 94.42
സാക്ഷരത (സ്ത്രീകള്‍ ) : 86.04
Source : Census data 2001